AD 2114 : India in a 100 years

100 വർഷങ്ങൾക്ക് ശേഷം ഒരു മെയ്മാസ സായാഹ്നത്തിൽ അവൻ ഞെട്ടിയുണർന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും തനിക്കൊരു മാറ്റവുമില്ലെന്നത് അവനെ അത്ഭുതപ്പെടുത്തി. ചുറ്റും നോക്കിയപ്പോൾ, താനൊഴികെ എല്ലാം മാറിയിരിക്കുന്നു. അമ്പരപ്പിന്റെ, സംഭ്രമങ്ങളുടെ രാത്രിയ്ക്ക് വിരാമമിട്ട് പ്രഭാതം വിരിഞ്ഞിറങ്ങി……..

“അടുത്ത നൂറ്റാണ്ടിലെ ലോകം”- കോളേജിലെ ആദ്യവർഷം ഈ വിഷയത്തിൽ ഞാൻ ലേഖനം എഴുതിയിരുന്നു. മനുഷ്യൻ ഗ്രഹാന്തര യാത്രകൾ നടത്തുന്ന, കൃത്രിമബുദ്ധി വാഴുന്ന ഒരു Robotic World. എന്നാൽ പുറത്ത് കണ്ട ഇന്ത്യ മറ്റെന്തൊക്കെയോ ആയിരുന്നു…

വഴിയിൽ വലിയ സ്നാനഘട്ടങ്ങൾ; ഉയർന്ന ജാതിക്കാർക്കെന്ന് പ്രത്യേകം എഴുതിവച്ചത്!!! ശ്മശാനങ്ങളോട് ചേർന്ന് സതിയനുഷ്ഠിക്കാനുള്ള സജ്ജീകരണങ്ങൾ, അങ്ങിങ്ങായി അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കുന്ന ബാല വിധവകൾ. ശുശ്രൂഷാലയങ്ങൾ, പ്രാർഥനാകേന്ദ്രങ്ങൾ, മന്ത്രവാദസങ്കേതങ്ങൾ- എല്ലായിടത്തും രോഗികളുടെ നീണ്ട ക്യൂവാണ്.

യൂണിഫോം അണിഞ്ഞ് ഒരുമിച്ചിരുന്ന് ഹിസ്റ്ററിയും ജ്യോഗ്രഫിയും കണക്കും സയൻസുമൊക്കെ പഠിച്ച ക്ലാസ്മുറികളിൽ ഇന്ന് പൂണൂലണിഞ്ഞ കുട്ടികൾ മാത്രം; അവർ വേദപാഠങ്ങൾ ഉറക്കെ ഉച്ചരിക്കുകയാണ്.

കീശയിലെ smart phone, കൈയിലെ digital watch എന്നു വേണ്ട ആധുനിക സയൻസിന്റെ എല്ലാ കണ്ടുപിടുത്തങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അന്വേഷിച്ചപ്പോൾ ഇതിഹാസങ്ങളിൽ പരാമർശിച്ചിരിക്കുന്ന രീതിയിൽ ഇവ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ‘പുരോഗമിക്കുകയാ’ണെന്ന് അറിയാൻ കഴിഞ്ഞു.

മുന്നിൽ കാണുന്നത് കോളേജ് ആണ്. പൂക്കുവാൻ കവിതയും പ്രണയവും വിപ്ലവവും യുക്തിവാദവുമില്ലാത്ത ക്യാമ്പസ്. പല നിറങ്ങളിലുള്ള ചുമരെഴുത്തുകളില്ല, പല ചിന്തകൾ നിറഞ്ഞ മാഗസിനുകളില്ല, തുറന്ന ചർച്ചാവേദികളില്ല. ഓർമ്മയിൽ പിൻതലമുറക്കാർ മറന്നുപേക്ഷിച്ചുപോയ കാടു മൂടിയ ശവക്കല്ലറ പോലെ ‘പഴയ’ ‘കലാലയം’.

‘പഴയ’ Astronomy department ന്റെ സ്ഥാനത്തെ Center for Astrology  90 ആം വാർഷികം ആഘോഷിക്കുന്നു. Physics, Chemistry, Biology എന്നീ വിഷയങ്ങളെപ്പറ്റി ഇവിടെയാരും കേട്ടിട്ടില്ല. ഗോമൂത്രത്തിൽ നിന്ന് കാൻസർ മരുന്ന് കണ്ടുപിടിക്കുന്ന ഗവേഷണമാണ് Research center ൽ നടക്കുന്നത്. ഇവർക്ക് സാഹിത്യമെന്നാൽ വേദാന്തമാണ്, കലയെന്നത് പൗരാണികമാണ്.

എല്ലാവരും വേദമനുസരിച്ച് ജീവിക്കുന്നു- ബ്രാഹ്മണ പുരുഷന്മാർ വിദ്യ അഭ്യസിപ്പിക്കുന്നു, പൗരോഹിത്യം സ്വീകരിക്കുന്നു, ജ്യോതിഷികളാകുന്നു. ക്ഷത്രിയപുരുഷന്മാർ ആയോധനം പരിശീലിക്കുന്നു, വൈശ്യർ വ്യാപാരികളാകുന്നു. ശൂദ്രർ അടിമകളാണ്; അവരുടേതൊഴികെ ബാക്കിയെല്ലാ സ്ത്രീകളും വീട്ടിൽ തളയ്ക്കപ്പെട്ടിരിക്കുന്നു.

പ്രാദേശികമായതെല്ലാം തുടച്ചുനീക്കപ്പെട്ടിരിക്കുന്നു- ഭാഷയും സംസ്കാരവും- മത്സ്യം, കുരു, അംഗം, പാടലീപുത്രം,… എന്നിങ്ങനെ ‘പഴയ’ ‘സംസ്ഥാന’ങ്ങളെല്ലാം ‘പുതിയ’ നാമങ്ങൾ സ്വീകരിച്ചിരിക്കുന്നു; നാമമെത്ര ക്ഷണികമാണല്ലേ!!!

ചരിത്രത്തിൽ സ്വാതന്ത്ര്യസമരമില്ല, അത് കൊതിച്ച അനേക തലമുറയുടെ ത്യാഗമില്ല, മതേതര- ജനാധിപത്യ- സോഷ്യലിസ്റ്റ്- റിപ്പബ്ളിക് ആയി രാജ്യത്തെ വളർത്തിയ ഒരു ജനതയുടെ പ്രയത്നമില്ല, മണ്ണിലും വിണ്ണിലും വെള്ളത്തിലും രചിച്ച പുതിയ ശാസ്ത്രാദ്ധ്യായങ്ങളില്ല. പ്രാദേശിക സമരങ്ങളില്ല, ത്രിവർണപതാകയില്ല, ഭരണഘടനയില്ല. രാഷ്ട്രപിതാവായി ഗോഡ്സെയും രാഷ്ട്രനിയമമായി ‘മനുസ്മൃതി’യും കൊടികുത്തിവാഴുന്ന നാട്ടിൽ ചരിത്രവും ശാസ്ത്രവും അധികപ്പറ്റാണ്.

ശാസ്ത്ര ചർച്ചകളിലൊരിടത്തും S N ബോസോ, M N സാഹയോ, E C G സുദർശനോ, C V രാമനോ കടന്നുവരുന്നില്ല. പഴയ Indian Institute of Science ന്റെ സ്ഥാനത്ത് ജ്യോതിഷാലയം. ജ്യോതിഷത്തിൽ one day workshop മുതൽ PhD വരെയുണ്ടവിടെ. IIT കളിൽ ഗോശാസ്ത്രത്തിൽ ഗവേഷണം, ഗൗളിശാസ്ത്രത്തിൽ fellowship, പക്ഷിശാസ്ത്രത്തിൽ internship,…

ശാസ്ത്രബോധമില്ല, സ്വതന്ത്രചിന്തയുമില്ല. എന്നാൽ ‘ശാസ്ത്ര’മെന്ന പദം മാത്രം ഉപേക്ഷിച്ചിട്ടില്ല. ‘പക്ഷി’യുടെ കൂടെ ‘ശാസ്ത്രം’ ചേർത്താൽ ‘പക്ഷിശാസ്ത്രം’, ‘ഗൗളി’യുടെ കൂടെ ചേർത്താൽ ‘ഗൗളിശാസ്ത്രം’. ഇവർക്കെല്ലാം ശാസ്ത്രമാണ്.

ജ്യോതിഷമാണ് സമൂഹത്തെ നയിക്കുന്നത്. ഇവിടെ ജനങ്ങൾക്ക് ഉറങ്ങാനും ഉണരാനും പ്രണയിക്കാനും സന്തോഷിക്കാനുമൊക്കെ മുഹൂർത്തമുണ്ട്. സൂര്യതാപം കൂടുമ്പോഴും കുറയുമ്പോഴും വഴിപാടുകൾ, ഗ്രഹണങ്ങളിൽ പ്രത്യേക ഹോമങ്ങൾ. ജ്യോതിഷി പറയുമ്പോൾ ജനിക്കുന്നു, ജീവിക്കുന്നു, അവർ പറയും പോലെ തന്നെ മരിക്കുന്നു!!! ജ്യോതിഷം കപടശാസ്ത്രമാണെന്നും അത് ഇന്ത്യൻ ഉൽപന്നമല്ലെന്നും പണ്ടാരോ എന്നോട് പറഞ്ഞിരുന്നു.

എങ്ങും ആരാധനാലയങ്ങൾ; സദാ തിരക്കിൽ. ശകുനദോഷം മുതൽ ചൊവ്വാദോഷം വരെ. “ഒരമ്പലം കുറഞ്ഞാൽ അത്രയും അന്ധവിശ്വാസം കുറഞ്ഞു” എന്ന് ചെവിയിലാരോ ചൊല്ലിയ പോലെ.

കണ്ടും കേട്ടും ‘ഭ്രാന്ത്’ പിടിക്കുമെന്നായപ്പോൾ ഒരു ‘ചരിത്രാന്വേഷി’യോടന്വേഷിച്ചു. അയാൾ പറഞ്ഞു:

“നിന്റെ വേഷവും ചോദ്യവും തന്നെ നീ ഇതുവരെ ഉറങ്ങുകയായിരുന്നു എന്ന് പറയുന്നു. നിന്നെപ്പോലെ ഉറങ്ങിയെണീറ്റവരിൽ പലരും ‘ഭ്രാന്തന്മാ’രാണ്.അവർ ‘Science’, ‘ചരിത്രം’, ‘സ്വാതന്ത്ര്യം’, ‘മതേതരത്വം’, ‘ജനാധിപത്യം’ എന്നിങ്ങനെ പുലമ്പുകയാണ്. ഇനിയൊരിക്കൽ കൂടി ആ വാക്കുകൾ ഉച്ചരിച്ചാൽ നിന്നെയും ചങ്ങലക്കിടും. നമ്മൾ നമ്മുടെ ‘പൗരാണികത’യിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ദാ നോക്ക്, പ്രാചീനഭാരതത്തിന്റെ അടയാളങ്ങൾ. ഇവിടെ യൂറോപ്യൻ സയൻസോ അറേബ്യൻ ഗണിതമോ നിനക്ക് കിട്ടില്ല; കണ്ട വിദേശികളുടെ ചരിത്രവുമില്ല. ഇവിടെയുള്ളത് ‘കോടിനുകോടി’ വർഷം പഴക്കമുള്ള നമ്മുടെ സംസ്കാരമാണ്.”

“ഇത് പൗരാണികതയല്ല; പ്രാകൃതമാണ്. ഇന്ത്യയിൽ മാത്രമാണോ ഇങ്ങനെ?”

“ഒരു കാര്യം, ഇനി നീ ചോദ്യങ്ങൾ ചോദിക്കരുത്. ഇത് ‘ഇന്ത്യ’യല്ല; ‘ഭാരത’മാണ്. 100 കൊല്ലം മുൻപത്തെ ആ ‘കറുത്ത കാലം’ ‘ചരിത്ര’ത്തിലില്ല, ആരുമതോർക്കുന്നില്ല. ‘നവോത്ഥാന’ത്തിന്റെ അനേകം ഏടുകൾ താണ്ടിയാണ് നാമിവിടെ എത്തിയത്. പിന്നെ വിദേശികളുമായി നമുക്കൊരു ബന്ധവുമില്ല. ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് സന്തോഷമായി ജീവിക്കാം. കുലത്തിനനുസരിച്ച് തൊഴിൽ നേടാൻ ഞാൻ നിന്നെ സഹായിക്കാം. നിന്റെ ഗോത്രമേതാണ്?”

“എന്റേത് മനുഷ്യഗോത്രമാണ്. നിങ്ങൾ പറയും പോലെ ജീവിക്കാനാവില്ല. എന്നെയും ചങ്ങലയ്ക്കിട്ടേക്കൂ.”

ചങ്ങലയണിഞ്ഞ് സ്വന്തം കൂട്ടത്തിലേക്ക് പോകും വഴി ഉറങ്ങിക്കിടക്കുന്ന പലരെയും കണ്ടു. ഭാവിയിൽ അവരും വന്നുചേരും. വരട്ടെ; സംഘടിച്ചു ശക്തരാകും വരെ ക്ഷമിച്ചേ മതിയാകൂ….

Note: കെട്ടുകഥകളിലും പുരാണങ്ങളിലും ചരിത്രത്തിന്റെ ചായം പൂശുന്ന, ദേശീയതയിൽ പൊതിഞ്ഞ കപടശാസ്ത്രവും പ്രബന്ധങ്ങളും നിറഞ്ഞ ശാസ്ത്ര കോൺഗ്രസുകളും, ചരിത്രത്തെയും ശാസ്ത്രത്തെയും ശ്വാസം മുട്ടിച്ചു കൊല്ലുന്ന പാഠ്യപദ്ധതികളും, ജ്യോതിഷം പഠനവിഷയമാക്കുന്ന സർവകലാശാലകളും ഇനിയും ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ ലോകം നമുക്ക് മാപ്പ് തരില്ല.

*************************************

Written by Sruthy K. S

To read more articles by the author follow: https://ifyoudarethedifferencethenthedifferencewilldeliver.art.blog/

One thought on “AD 2114 : India in a 100 years

Leave a comment