ചൊവ്വയിൽ പറന്നുയർന്ന് ജിന്നി

ഒരു ഹെലികോപ്റ്ററിന് പറക്കാൻ കഴിയുന്ന പരമാവധി ഉയരം എത്രയാണ്? സാധാരണ മൂന്ന് നാല് കിലോമീറ്ററിൽ താഴെയാണ് പറക്കുക. ചില പ്രത്യേക ഹെലികോപ്റ്ററുകൾ ഏഴ് കിലോമീറ്റർ ഉയരത്തിൽ അൽപനേരം പറക്കാൻ സാധിക്കും. അതിനു മുകളിൽ പറക്കുക എന്നത് അസാധ്യമാണ്.വായുവിനെ സാന്ദ്രത അവിടെ വളരെ കുറവാണ് എന്നതാണ് വിഷയം. എന്നാൽ 30 കിലോമീറ്റർ ഉയരത്തിൽ ഹെലികോപ്റ്റർ വിജയകരമായി പറപ്പിച്ചാലോ? ആ ലക്ഷ്യം നിറവേറ്റാൻ സാധിച്ചു.ഭൂമിയിലല്ല,അങ്ങ് ചൊവ്വയിൽ. ഭൂമിയുടെ 30 കിലോമീറ്റർ ഉയരത്തിലുള്ള വായു സാന്ദ്രതയേ ചൊവ്വയുടെ ഉപരിതലത്തിലുള്ളൂ. അതായത് ഭൂമിയുടെ ഉപരിതലത്തിലെ വായുവിനെ നൂറിലൊന്ന് സാന്ദ്രത മാത്രം. അവിടെ ഇൻജന്യൂയിറ്റി (Ingenuity) എന്ന Mars Helicoptor പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തീകരിച്ചു. 1.8 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ജിന്നി(Ginny) എന്നാണ് ഈ ഡ്രോണിന്റെ വിളിപ്പേര്.

Ingenuity



ഭൂമി അല്ലാതെ ഒരു ഗ്രഹത്തിൽ നിയന്ത്രിത വ്യോമ പരീക്ഷണം സാധ്യമാകുന്നത് ഇതാദ്യമായാണ്. ഏപ്രിൽ 19 ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ജിന്നി പറന്നുയർന്നത്. മൂന്നു മീറ്റർ ഉയരത്തിൽ എത്തിയ ഇൻജന്യൂയിറ്റിയുടെ പറക്കൽ 30 സെക്കൻഡ് നീണ്ടുനിന്നു. ഇതിന് നാല് ചിറകുകളും രണ്ട് റോട്ടറുകളും രണ്ട് ക്യാമറകളും ബാറ്ററിയും സോളാർപാനലുമുണ്ട്. സ്വന്തം സോളാർ പാനൽ ഉപയോഗിച്ച് തന്റെ ബാറ്ററി ചാർജ് ചെയ്യുകയും ചൊവ്വയിലെ കൊടുംതണുപ്പിനെ പ്രതിരോധിക്കുകയും ചെയ്യും. പറന്നുപൊങ്ങി ഇപ്പോൾ എടുത്ത ചൊവ്വയുടെ ഉപരിതല ദൃശ്യങ്ങൾ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്.

First colour snap from ingenuity




ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിലായിരുന്നു പരീക്ഷണം. കഴിഞ്ഞ ഫെബ്രുവരി 18 ന് പേർസവേറൻസ് (perseverance) എന്ന പേടകം ചൊവ്വയിൽ എത്തിയിരുന്നു. പേടകത്തിന് ഉള്ളിൽ ജിന്നിയും ഉണ്ടായിരുന്നു.

Perseverance




ഈ ദൗത്യത്തിന് പിന്നിലെ ഇന്ത്യൻ സാന്നിധ്യം നമ്മുടെ യശ്ശസുയർത്തുകയാണ്. അസാധ്യ വിജയം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. കാരണം ഈ ദൗത്യം മറികടന്നത് അത്യന്തം ദുഷ്കരമായ സാഹചര്യങ്ങൾ ആയിരുന്നു. IIT മദ്രാസ് മുൻ വിദ്യാർത്ഥിയും ഇന്ത്യക്കാരനും ആയ ബോബ് ബലറാം ആണ് കോപ്റ്റർ പദ്ധതിയുടെ ചീഫ് എൻജിനീയർ. ഇൻജന്യൂയിറ്റിക്ക് ആ പേര് നൽകിയത് ഇന്ത്യൻ വംശജയായ യുഎസ് വിദ്യാർഥിനി വനേസ രൂപാണിയാണ്.

Bob Balaram
Vaneeza Roopani



വരുംദിവസങ്ങളിൽ കൂടുതൽ പരീക്ഷണങ്ങൾ ജിന്നി നടത്തും. അതിലൂടെ കിട്ടുന്ന വിവരങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.



References
Luca online magazine
NASA official website
Newspapers

Leave a comment