ബുധസംതരണവും ശുക്രസംതരണവും

അങ്ങു നിന്നേ ചേച്ചി എന്ന് വിളിച്ചോണ്ടാണ് കുഞ്ഞാറ്റ ഓടിവന്നത്. അവൾ പറഞ്ഞു:
” ചേച്ചി നോക്കി നിൽക്കാതെ പെട്ടെന്ന് ഫോൺ എടുക്ക് .”
” നിനക്കെന്തിനാ ഇപ്പോൾ ഫോൺ? “

” ഓ ഈ ചേച്ചിയെകൊണ്ട് തോറ്റു. ഇന്നല്ലേ ബുധസംതരണം. അത് നമ്മുക്ക് ഫോണിൽ കാണാൻ പറ്റുമെന്ന് ടീച്ചർ പറഞ്ഞു. “
” എന്റെ കുഞ്ഞേ അത് 6 മണി കഴിയുമ്പോഴാ. അതുകൊണ്ടല്ലേ നമ്മുടെ ഇന്ത്യയിൽ ഈ സംതരണം നിരീക്ഷിക്കാനാവാത്തത്. അതുപോട്ടെ, എന്താ ഈ സംതരണം എന്ന് പറഞ്ഞുതന്നോ? “
” ആം പറഞ്ഞുതന്നു.സൂര്യനെ ബുധൻ കടന്നുപോവുമ്പോൾ ഒരു കറുത്ത പൊട്ടുപോലെ നമ്മുക്ക് കാണാനാവും. അതല്ലേ? “
” അതുതന്നെ. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ 2012 ഇൽ ശുക്രസംതരണം ദൃശ്യമായിരുന്നു. അന്നത് നിരീക്ഷിക്കാൻ കഴിഞ്ഞു. പ്രത്യേക സജ്ജീകരണങ്ങളോടൊക്കെയായി.ശുക്രസംതരണം ഇതുപോലെ തന്നെയാ. സൂര്യനെ ഒരു പൊട്ടുപോലെ ശുക്രൻ കടന്നുപോകും.ഒരുതരത്തിൽ പറഞ്ഞാൽ ഒരു ഗ്രഹണം പോലെ തന്നെ. പക്ഷെ ചന്ദ്രൻ ഭൂമിയോട് വളരെ അടുത്തായതിനാൽ ചന്ദ്രന്റെയും സൂര്യന്റെയും വലുപ്പം ഒരുപോലെ അല്ലെ നമ്മുക്ക് അനുഭവപ്പെടുന്നത്.അതുകൊണ്ട് ചന്ദ്രന് സൂര്യനെ പൂർണമായും മറക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ പ്രതിഭാസത്തെ നമ്മൾ ഗ്രഹണം എന്നും ബുധനും ശുക്രനും അത് സാധിക്കാത്തതിനാൽ നമ്മൾ സംതരണം എന്നും വിളിക്കുന്നു.”
” ഈ ബുധനും ശുക്രനും മാത്രമേ ഇങ്ങനെ സംതരണം നടത്താത്തൊള്ളോ? “
“ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗ്രഹങ്ങൾ ശുക്രനും ബുധനും മാത്രമല്ലേ ഉള്ളു. എന്നാൽ എല്ലാ ഗ്രഹങ്ങളും സൂര്യന് പിന്നിലൂടെ കടന്നു പോകാറുണ്ട്. അതിനെ ഭേദനം എന്നാണ് പറയുക. ശുക്രസംതരണം വളരെ അപൂർവമാണ്. നൂറ്റാണ്ടിൽ 2 എണ്ണം മാത്രമേ നടക്കാറുള്ളു. ആ രണ്ട് സംതരണങ്ങൾ തമ്മിൽ 8 വർഷത്തെ ഇടവേളയെ മാത്രമേ ഉള്ളു. ഈ നൂറ്റാണ്ടിലെ രണ്ടും കഴിഞ്ഞുപോയി. എന്നാൽ ബുധസംതരണം നൂറ്റാണ്ടിൽ 13, 14 എണ്ണമൊക്കെ ഉണ്ടാവും.അടുത്തത് 2032 നവംബർ 13 ആണ്. അന്ന് അത് ഉച്ചക്ക് ആയതിനാൽ കേരളത്തിൽ നിന്നും നമ്മുക്ക് കാണാനാവും.”
” ഹായ് അത് നന്നായി.എന്നാൽ ഞാൻ എന്തെങ്കിലും പോയി കഴിച്ച് റെഡി ആയി വരാം. അപ്പോഴേക്കും എന്നെ ഫോണിൽ സംതരണം കാണിച്ച് തന്നോണം”
” ആയിക്കോട്ടെ, മാഡം ഇപ്പോൾ പോയിട്ട് വാ”

Leave a comment