പ്രഫുല ചന്ദ്ര റേ

ഇന്ന് പതിവിലും നേരത്തെ ട്യൂഷന് എല്ലാവരും ഹാജരായായിരുന്നു. ഞാൻ വന്നതും എല്ലാവരും കൂടെ അധ്യാപകദിനം ആശംസിച്ച് എനിക്കൊരു പേന സമ്മാനമായി തന്നു. ആദ്യത്തെ അനുഭവം ആണ്, ഒരുപാട് സന്തോഷം തോന്നി. എല്ലാവരും ഒരു കഥ കേൾക്കാനുള്ള മൂഡിലാണ്. ഏറെ ആലോചിക്കേണ്ടിവന്നില്ല. ഇത്തവണ ആചാര്യ പ്രഫുല ചന്ദ്ര റേയെ പറ്റി പറയാം.

മലാല യൂസഫ്സായി പറഞ്ഞതുപോലെ ഒരു ബുക്കിനും ഒരു പേനയ്ക്കും ഒരു കുട്ടിക്കും ഒരു അധ്യാപികയ്ക്കും ഈ ലോകം തന്നെ മാറ്റാൻ കഴിയും. അങ്ങനെ ലോകത്തെ മാറ്റിയ ഒരുപാട് മഹാത്മാൻമാരെയും അവരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ അവരുടെ അധ്യാപകരെയും പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ഈ വേളയിൽ ഒരുപാട് ആദരവോടെയും അതിലേറെ നന്ദിയോടെയും സ്മരിക്കേണ്ട ഒരു വ്യക്തിയാണ് പ്രഫുല ചന്ദ്ര റേ.

മഹാനായ ശാസ്ത്ര പ്രതിഭ, മാതൃകാപരമായ വ്യക്തിത്വം, ആദരണീയനായ സ്വാതന്ത്ര്യസമര പോരാളി എന്നിവയ്ക്കെല്ലാം പുറമേ അതുല്യനായ ഒരു അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. റേ ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിരുന്നു.ലളിതമായി ജീവിച്ച അദ്ദേഹത്തെ ആചാര്യ എന്നാണ് എല്ലാരും വിളിച്ചത്. വരുമാനത്തിന്റെ വലിയ പങ്കും സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി നീക്കിവെച്ചു.

ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ SN ബോസിന്റെയും മേഘ്നാഥ് സാഹയുടെയും അദ്ധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം.

” അവരെപ്പറ്റി ചേച്ചി ഇതിനു മുമ്പ് പറഞ്ഞിട്ടുണ്ട്”. ആമികുട്ടിയാണ്. ” അവർക്ക് അർഹമായ അംഗീകാരവും അന്താരാഷ്ട്ര ശ്രദ്ധയും ഒന്നും കിട്ടിയില്ല എന്ന് “.

അതെ, അവരിരുവരും ശാസ്ത്ര ലോകത്തിന് നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാകില്ല. SN ബോസിനെ വിശേഷിപ്പിച്ചിരുന്നത് ഐൻസ്റ്റീനെ ഫോട്ടോൺ എണ്ണാൻ പഠിപ്പിച്ചയാൾ എന്നാണ്. ഇവരുടെയെല്ലാം ജീവിതത്തിൽ പ്രഫുല ചന്ദ്ര റേയുടെ സ്വാധീനം വളരെ വലുതായിരുന്നു. ശാസ്ത്രത്തിനു വേണ്ടി കാത്തിരിക്കാം എന്നാൽ സ്വാതന്ത്ര്യത്തിനായി കാത്തിരിക്കാൻ ആവില്ല എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഗവേഷണ പ്രവർത്തനങ്ങളിൽ നിന്നും സ്വാതന്ത്ര്യ സമരത്തിലേക്ക് ഇറങ്ങുകയായിരുന്നു. എല്ലാ മേഖലയിലുമുള്ള റേയുടെ സംഭാവനകൾ നന്ദിയോടെ നാം ഓർക്കേണ്ടതാണ്. ഓരോ വിദ്യാർത്ഥികളെയും മികച്ച പൗരന്മാരാക്കി നമ്മുടെ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആക്കുകയാണ് ഓരോ നല്ല അധ്യാപകരും ചെയ്യുന്നത്. ഒരു സ്വപ്നതുല്യമായ വിജയം നേടിയ ഓരോ മനുഷ്യനും പിന്നിലും ഒരു അധ്യാപിക അല്ലെങ്കിൽ അധ്യാപകൻ ഉണ്ടാവും. നാളെ നിങ്ങൾ അധ്യാപകർ ആകുമ്പോൾ ഒരിക്കലും നിങ്ങളുടെ കുട്ടികളുടെ കുഞ്ഞു ചോദ്യങ്ങളെ തല്ലി കെടുത്തരുത്. അവരെ സ്വപ്നം കാണാൻ പഠിപ്പിക്കണം,അവരുടെ കൗതുകത്തെ വളർത്തണം, ലോകത്തിന്റെ അനന്തവിഹായസ് അവർക്കുമുന്നിൽ തുറന്നിടണം.

ആട്ടെ… ഈ കൂട്ടത്തിൽ ആരൊക്കെയാ ടീച്ചറൂട്ടികൾ ആകാൻ പോകുന്നത്.

കുറെയധികം കുഞ്ഞിക്കൈകൾ പൊങ്ങി. ശാസ്ത്രബോധവും സാമൂഹികബോധവുമുള്ള ഒരു നല്ല നാളെയുടെ വക്താക്കൾ!!

Prafulla Chandra Ray

Leave a comment